Sunday, July 11, 2010

അക്കാദമി മാര്‍ക്കിടാന്‍ നല്‍കിയത്‌ അയക്കാത്ത പുസ്‌തകം

സാഹിത്യ അക്കാദമി അവാര്‍ഡ്‌ സംബന്ധിച്ച വിവാദത്തിന്‌ ചൂടേറുന്നു. താന്‍ അയച്ചു കൊടുത്ത പുസ്‌തകം അക്കാദമി, ജഡ്‌ജിംഗ്‌ കമ്മിറ്റിക്ക്‌ നല്‍കിയില്ലെന്ന ആരോപണവുമായി കഥാകൃത്ത്‌ വി ആര്‍ സുധീഷ്‌ രംഗത്തെത്തി. മറ്റൊരു പുസ്‌തകമാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റിക്ക്‌ നല്‍കിയതെന്ന്‌ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡിനായി ചെറുകഥാ വി�ാഗത്തില്‍ താന്‍ അയച്ചുകൊടുത്ത പുസ്‌തകമല്ല വിധികര്‍ത്താക്കള്‍ പരിഗണിച്ചതെന്നും അക്കാദമിയുടെ മാനദണ്ഡം ലംഘിച്ച്‌ 2006ലെ പുസ്‌തകമാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റിക്ക്‌ അക്കാദമി നല്‍കിയിരിക്കുന്നതെന്നുമാണ്‌ സുധീഷിന്റെ ആരോപണം. അക്കാദമി അവാര്‍ഡിന്‌ പിന്നിലെ കള്ളക്കളികള്‍ സിറാജ്‌ ഇന്നലെ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്‌ കൃതികള്‍ അക്കാദമി തെരഞ്ഞെടുത്തതെന്ന ഗുരുതരമായ ആരോപണവുമായി സുധീഷ്‌ രംഗത്തെത്തിയത്‌.


ചെറുകഥാ വി�ാഗത്തില്‍ ഒരു മാര്‍ക്കിന്റെ കുറവിലാണ്‌ കെ ആര്‍ മീര ഇത്തവണ വി ആര്‍ സുധീഷിനെ പിന്നിലാക്കിയത്‌ എന്ന്‌ രേഖകളുടെ അടിസ്ഥാനത്തില്‍ സിറാജ്‌ വാര്‍ത്ത നല്‍കിയിരുന്നു. 2007ല്‍ ലിപി പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരമാണ്‌ പ്രസാധകര്‍ അക്കാദമിക്ക്‌ അയച്ചുകൊടുത്തത്‌. പിന്നെങ്ങനെ വിമതലൈഗികം എന്ന തന്റെ പഴയ പുസ്‌തകം വിധികര്‍ത്താക്കളുടെ മുന്നില്‍ എത്തിയെന്ന്‌ സുധീഷ്‌ ചോദിക്കുന്നു.


ഒലീവ്‌ പബ്ലിക്കേഷന്‍സിന്റെ 'വിമത ലൈംഗികം'എന്ന കൃതി പ്രസിദ്ധീകരിച്ചത്‌ 2006 ജനുവരിയിലാണ്‌. മൂന്ന്‌ വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍ മാത്രമേ അവാര്‍ഡിന്‌ പരിഗണിക്കാവൂ എന്നാണ്‌ അക്കാദമിയുടെ മാനദണ്ഡം. അതായത്‌, 2007 മുതലുള്ള പുസ്‌തകമേ പരിഗണിക്കാവൂ. അപ്പോള്‍ 2006ലെ പുസ്‌തകം ഉള്‍പ്പെടുത്തിയതിനെ ആര്‍ക്ക്‌ വേണമെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന്‌്‌ സുധീഷ്‌ പറഞ്ഞു.


അങ്ങനെ സംഭവിച്ചാല്‍ അക്കാദമി കുടുങ്ങുമെന്നുറപ്പാണ്‌. എന്നാല്‍ അഭിമാന ബോധമുള്ള ആരും ഇക്കാര്യത്തിന്‌ കോടതിയില്‍ പോകാന്‍ തയ്യാറാകില്ലെന്ന്‌ സൂധീഷ്‌ പരിഹസിച്ചു. പ്രസാധകന്‍ അയച്ചുകൊടുത്ത പുസ്‌തകം മാറ്റി പഴയ പുസ്‌തകം തിരുകിക്കയറ്റിയതിനു പിന്നില്‍, തന്നെ ഒതുക്കാന്‍ പ്രവര്‍ത്തിക്കുന്ന ഏതോ വ്യക്തിയുണ്ടെന്ന്‌ സുധീഷ്‌ ആരോപിച്ചു.

Saturday, July 10, 2010

വിധി നിര്‍ണയത്തില്‍ പാളിച്ച; സാഹിത്യ അക്കാദമി അവാര്‍ഡ്‌ വിവാദത്തില്‍

കേരള സാഹിത്യ അക്കാദമിയുടെ 2009ലെ അവാര്‍ഡ്‌ നിര്‍ണയത്തിലെ പാളിച്ചകള്‍ വെളിച്ചത്താകുന്നു. വിവിധ അവാര്‍ഡുകള്‍ക്കായി വിധികര്‍ത്താക്കള്‍ക്ക്‌ നല്‍കിയ പുസ്‌തകങ്ങള്‍ക്ക്‌ അവര്‍ ഓരോരുത്തരുമിട്ട ഗ്രേഡുകള്‍ എത്രയെന്ന്‌ കാണിക്കുന്ന കത്തിന്റെ പകര്‍പ്പ്‌ പുറത്തായതോടെയാണ്‌ അവാര്‍ഡ്‌ നിര്‍ണയത്തിലെ പിശകുകള്‍ വ്യക്തമാകുന്നത്‌. എല്ലാം അവാര്‍ഡുകള്‍ക്കും പത്തു പുസ്‌തകങ്ങളാണ്‌ നല്‍കിയതെങ്കിലും കഥാ അവാര്‍ഡിന്‌ 11 പുസ്‌തകങ്ങളാണ്‌ നല്‍കിയിരുന്നത്‌.

റോമന്‍ അക്ഷരത്തില്‍ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ഗ്രേഡ്‌ മാര്‍ക്ക്‌ നല്‍കണമെന്നാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റികള്‍ക്ക്‌ മാര്‍ക്കുകള്‍ പൂരിപ്പിക്കുന്നതിനായി നല്‍കിയ ഫോമില്‍ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ കഥയുടെ അവാര്‍ഡ്‌ നിര്‍ണയത്തില്‍ രണ്ട്‌ ജഡ്‌ജിമാര്‍ നിബന്ധനകള്‍ക്ക്‌ വിരുദ്ധമായി പതിനൊന്നാം ഗ്രേഡ്‌ നല്‍കിയിട്ടുണ്ട്‌. വി പി ഏലിയാസിന്റെ `മോഷണം ചില അപൂര്‍വ സാധ്യതകള്‍' എന്ന കൃതിക്ക്‌ വിധികര്‍ത്താവായ സാറാ ജോസഫും പി ശ്രീകുമാറിന്റെ `പരസ്യശരീരം' എന്ന കൃതിക്ക്‌ ജി വി കാക്കനാടനുമാണ്‌ 11-ാം ഗ്രേഡ്‌ നല്‍കിയിട്ടുള്ളത്‌. ചെറുകഥാ വിഭാഗത്തില്‍ അവാര്‍ഡ്‌ ജേതാവായ കെ ആര്‍ മീര, വി ആര്‍ സുധീഷിനെ പിന്നിലാക്കിയത്‌ ഒരു ഗ്രേഡിന്റെ കുറവിലാണെന്നതാണ്‌ മറ്റൊരു പ്രത്യേകത.

ഗ്രേഡിംഗ്‌ രീതിയുടെ സുതാര്യത ഇത്തവണ തെറ്റിച്ചതിനാല്‍തന്നെ ഈ നിര്‍ണയം ചോദ്യം ചെയ്യപ്പെടാവുന്നതുമാണ്‌. കഴിഞ്ഞ തവണ വരെ ഓരോ ഗ്രേഡ്‌ കിട്ടിയ പുസ്‌തകത്തിനും എത്ര മാര്‍ക്ക്‌ എന്ന്‌ എഴുതാന്‍ കോളമുണ്ടായിരുന്നുവെന്നാണ്‌ അറിവ്‌. ഇത്തവണ അത്തരത്തിലൊരു കോളം ഇല്ലാത്തതിനാല്‍തന്നെ ഗ്രേഡിംഗ്‌ രീതി ഇവിടെ നടന്നിട്ടില്ലെന്നു വേണം കരുതാന്‍. ചെറുകഥക്ക്‌ ഇത്തവണ അവാര്‍ഡ്‌ ലഭിച്ച കെ ആര്‍ മീരക്ക്‌ മൂന്ന്‌ വിധികര്‍ത്താക്കളായ സാറാജോസഫ്‌, ജി വി കാക്കനാടന്‍, എം അച്യുതന്‍ എന്നിവര്‍( 2,4,1) എന്നിങ്ങനെ ഗ്രേഡ്‌ നല്‍കിയപ്പോള്‍ വി ആര്‍ സുധീഷിന്‌(1,2,5) എന്നിങ്ങനെയാണ്‌ നല്‍കിയത്‌.

ഇതിനെല്ലാം പുറമെ പല അവാര്‍ഡിലും വിധികര്‍ത്താക്കള്‍ പലരും പത്തു പുസ്‌തകങ്ങള്‍ക്ക്‌ ഒന്നു മുതല്‍ പത്തു വരെ ഗ്രേഡുകള്‍ തുടര്‍ച്ചയായി കൊടുത്തതു കാണുമ്പോള്‍ (ഒരേ ഗ്രേഡുള്ളവര്‍ കുറവാണ്‌) വെറും ചടങ്ങിനുവേണ്ടി ഇട്ടതുപോലെയാണ്‌ തോന്നുന്നതെന്ന്‌ ആക്ഷേപവുമുണ്ട്‌. സാഹിത്യ അക്കാദ മിയുടെ പബ്ലിക്കേഷന്‍ ഓഫീസറായിരുന്ന സി കെ ആനന്ദന്‍പിള്ള തന്റെ ത്രൈമാസികയായ സാഹിത്യവിമര്‍ശത്തിന്റെ പുതിയ ലക്കത്തില്‍ വിധിനിര്‍ണയ ഷീറ്റിന്റെ കോപ്പികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

`അക്കാദമി അവാര്‍ഡുകള്‍ അഥവാ സ്വത്വരാഷ്‌ട്രീയം' എന്ന പേരില്‍ ആറ്‌ പേജിലായി പ്രസിദ്ധീകരിച്ച ലേഖനം അവാര്‍ഡുകള്‍ക്കു പിന്നിലെ കള്ളക്കളികളിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. പ്രമുഖരായ പലരുടെയും കൃതികള്‍ അവഗണിച്ച്‌ എ വിജയന്‌ ബാലസാഹിത്യ വിഭാഗത്തില്‍ അവാര്‍ഡ്‌ കൊടുത്തത്‌ അക്കാദമി പ്രസിഡന്റ്‌ പി വത്സലയുടെ ബന്ധുവായതിനാലാണെന്ന്‌ ആനന്ദന്‍പിള്ള കുറ്റപ്പെടുത്തുന്നു. വിജയന്‍ നല്ല ബാലസാഹിത്യകാരനാണെങ്കിലും അവാര്‍ഡ്‌ ലഭിച്ച `മുയല്‍ ചെവി' വെറും പുരാണകൃതിയുടെ പുനരാഖ്യാനം മാത്രമാണെന്നും ബാലസാഹിത്യത്തിനുള്ള പത്മനാഭസ്വാമി അവാര്‍ഡ്‌ അക്കാദമി ഇദ്ദേഹത്തിന്‌ നേരത്തെ കൊടുത്തിട്ടുണ്ടെന്നും ആനന്ദന്‍പിള്ള പറയുന്നു.

സാഹിത്യവിമര്‍ശനത്തില്‍ വിധികര്‍ത്താക്കളായ പി കെ രാജശേഖരനും എരുമേലി പരമേശ്വരന്‍പിള്ളയും ഒന്നാം ഗ്രേഡ്‌ നല്‍കിയ കെ എസ്‌ രവികുമാറിനാണ്‌ അവാര്‍ഡ്‌. എരുമേലി പരമേശ്വരന്‍പിള്ളയുടെ ബന്ധുവാണ്‌ രവികുമാര്‍. ഇതേ രവികുമാര്‍ നോവല്‍ വിധികര്‍ത്താവായി രംഗത്തുള്ളതിനെയും ത്രൈമാസിക പരിഹസിക്കുന്നുണ്ട്‌. ഇത്തരത്തില്‍ എല്ലാ അവാര്‍ഡുകളെയും തെളിവുകള്‍ സഹിതം വിമര്‍ശിക്കുന്ന മാസിക, ഇത്തവണ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ച ഏറ്റുമാനൂര്‍ സോമദാസന്‍, എരുമേലി പരമേശ്വരന്‍പിള്ള, പി വി കെ പനയാല്‍ എന്നിവര്‍ എന്ത്‌ സമഗ്രസംഭാവനയാണ്‌ നല്‍കിയതെന്ന്‌ അക്കാദമി വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെടുന്നുണ്ട്‌.

അക്കാദമി പത്തു പുസ്‌തകങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ വിധികര്‍ത്താക്കള്‍ക്ക്‌ നല്‍കുന്നതിന്റെ മാനദണ്‌ഠവും ഇത്തവണ പാലിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. അക്കാദമികള്‍ അവരുടെ നിക്ഷിപ്‌തതാല്‍പ്പര്യമുള്ളവര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്നും മൂല്യനിര്‍ണയം ശരിക്ക്‌ നടത്താറില്ലെന്നും നിരന്തരം ആക്ഷേപമുയരാറുണ്ട്‌. ഇത്തവണത്തെ മൂല്യനിര്‍ണയത്തിലെ പാളിച്ചകള്‍ പുറത്തുവന്നതോടെ ഈ ആരോപണങ്ങള്‍ക്ക്‌ സാധുത ഏറുകയാണ്‌.